വിളപ്പില്‍ശാലയിലെ ജനകീയ മുന്നേറ്റം നഗരങ്ങളുടെ കുപ്പത്തൊട്ടികളായി
നാറുന്ന നാട്ടിന്‍പുറങ്ങള്‍ക്കാവേശമായി. രാഷ്‌ട്രീയക്കാരെ നോക്കി
നില്‍ക്കാതെ ഗ്രാമീണര്‍ മാലിന്യ വിപത്തിനെതിരേ സമരരംഗത്ത്.
ഇതിനിടയില്‍ വിളപ്പില്‍ശാലയില്‍ സമരം ചെയ്‌ത ജനങ്ങളെ കൈയേറ്റം ചെയ്‌ത
പോലീസ് നടപടിക്കെതിരേ ഇന്നലെ ബി.ജെ.പിയും കോണ്‍ഗ്രസും പ്രഖ്യാപിച്ച
ഹര്‍ത്താല്‍ ജനകീയ സമര സമിതിയുടെ എതിര്‍പ്പുമൂലം പിന്‍വലിച്ചു.
നാട്ടുകാര്‍ രംഗത്തിറങ്ങി കടകള്‍ തുറപ്പിച്ചത് മുതലെടുപ്പ്
രാഷ്‌ട്രീയത്തിനു തിരിച്ചടിയായി.
ലാലൂരില്‍ നിരാഹാരം: തൃശൂര്‍ കോര്‍പറേഷന്റെ മാലിന്യങ്ങള്‍ പേറുന്ന
ലാലൂരിലെ ജനങ്ങള്‍ കെ. വേണുവിന്റെ നേതൃത്വത്തില്‍ കോര്‍പറേഷന്‍ ഓഫീസിനു
മുന്നില്‍ അനിശ്‌ചിതകാല നിരാഹാര സമരം തുടങ്ങി.
28 വര്‍ഷം മുമ്പ് കേരളത്തില്‍ മലിനീകരണ വിപത്തിനെതിരേ സമരംകുറിച്ചതു
ലാലൂരിലാണ്. ഇവിടത്തെ തുറസായ ഗ്രൗണ്ടിലായിരുന്നു നഗരത്തിലെ
മനുഷ്യവിസര്‍ജ്യമടക്കമുള്ള മാലിന്യനിക്ഷേപം. അവ കാകനും നായ്‌ക്കളും
കടിച്ചെടുത്തു നാടാകെ വിതറി. അക്രമാസക്‌തമായ സമരത്തിനൊടുവില്‍
ചുറ്റുമതില്‍ പണിതെങ്കിലും നഗരം കോര്‍പറേഷനായതോടെ ലാലൂരിലേക്കു മാലിന്യ
ഒഴുക്കു കൂടി. പ്രതിഷേധം ഒതുക്കാന്‍ ചെറിയ സംസ്‌കരണപ്ലാന്റ്
തുറന്നെങ്കിലും ഒന്നിനും പരിഹാരമായില്ല. ആറിടത്ത് വികേന്ദ്രീകൃത മാലിന്യ
സംസ്‌കരണ പ്ലാന്റുകള്‍ തുടങ്ങാനും ലാലൂരിലെ മാലിന്യമല നീക്കാനും ലാലൂര്‍
മാതൃകാപദ്ധതി (ലാംപ്‌സ്) കൊണ്ടുവന്നു. പദ്ധതി നടപ്പാക്കുമെന്ന്
മുഖ്യമന്ത്രിയുടെ സാന്നിധ്യത്തില്‍ ഉറപ്പു പറഞ്ഞ കോര്‍പറേഷന്‍ വാക്കു
മാറ്റി. കോര്‍പറേഷന്റെ ഈ നടപടിക്കെതിരേയാണ് ലാലൂരിന്റെ പുതിയ സമരം.
ഗുരുവായൂരിന്റെ മാലിന്യമല: ഗുരുവായൂരിലെ നൂറ്റമ്പതോളം ഹോട്ടലുകളും
അനേകം ലോഡ്‌ജുകളും തള്ളുന്ന മലം അടക്കമുള്ള മാലിന്യമല ഒഴുകിവീഴുന്നതു
ചക്കംകണ്ടത്തെ കായലുകളില്‍. മീന്‍പിടിച്ചും കക്കവാരിയും ജീവിച്ച
കുടുംബങ്ങള്‍ പട്ടിണിയിലായി. പലരും നാടുവിട്ടു. നാട്ടുകാര്‍ കോടതി കയറി.
ചക്കംകണ്ടത്ത് മാലിന്യ സംസ്‌കരണപ്ലാന്റ് നിര്‍മിക്കാമെന്നായിരുന്നു
അധികൃതരുടെ പരിഹാര നിര്‍ദേശം. ഗുരുവായൂരില്‍ സെപ്‌റ്റിക് ടാങ്കില്ലാത്ത
മഹാഭൂരിപക്ഷം ഹോട്ടലുകളുടെയും നേരേ അധികാരികള്‍ കണ്ണടയ്‌ക്കുന്നു.
കുരീപ്പുഴയില്‍: കൊല്ലം നഗരത്തിലെ മാലിന്യം കുരീപ്പുഴ ചണ്ടി
ഡിപ്പോയിലാണ് തള്ളുന്നത്. ഇതിനു ചുറ്റുമുള്ള ജനങ്ങള്‍ ശുദ്ധവായു
ശ്വസിക്കുന്നില്ല. ശുദ്ധജലം കുടിക്കുന്നില്ല. കുരീപ്പുഴ
കണ്ണീര്‍പ്പുഴയായിട്ടും കോര്‍പറേഷനു മിണ്ടാട്ടമില്ല. അതിനെതിരേ ജനങ്ങള്‍
തീവ്രസമരത്തിലാണ്.
ചേലോറയുടെ കണ്ണീര്‍: കണ്ണൂരിലെ ചേലോറയില്‍ മാലിന്യംതള്ളാനുള്ള നഗരസഭാ
തീരുമാനത്തിനെതിരേ ജനങ്ങള്‍ സമരരംഗത്തിറങ്ങിയിട്ട് 45 ദിവസമായി.
കണ്ണൂര്‍ നഗരത്തില്‍ നിന്ന് ഏകദേശം 12 കി.മീറ്റര്‍ അകലെയുള്ള ചേലോറ
പഞ്ചായത്തിലെ 4,5 വാര്‍ഡുകള്‍, മുണ്ടേരി ഗ്രാമപഞ്ചായത്തിലെ ഒരു ഭാഗം
എന്നീ പ്രദേശങ്ങളിലെ ജനങ്ങളാണു നഗരസഭയുടെ മാലിന്യ നിക്ഷേപത്തിന് ഇരയായി
ദുരിതമനുഭവിക്കുന്നത്.
നൂറ്റമ്പതോളം വീടുകളിലെ കിണര്‍വെള്ളം ഉപയോഗശൂന്യമായി. നൂറോളം
വീടുകളിലെ ശുദ്ധജലം ഭാഗികമായും ഉപയോഗിക്കാന്‍ പറ്റാതായി.
മുഖ്യമന്ത്രിയടക്കമുള്ളവരുമായി ചര്‍ച്ച നടത്തിയിരുന്നുവെങ്കിലും
വികേന്ദ്രീകൃത മാലിന്യ
സംസ്‌കരണം എന്ന പതിവു പല്ലവി മാത്രമാണുള്ളത്. 1950 മുതല്‍ നഗരസഭയുടെ
ട്രഞ്ചിംഗ് ഗ്രൗണ്ടാണിവിടം.
പെട്ടിപ്പാലം മാലിന്യത്തൊട്ടി:
തലശേരിയില്‍ നിന്നും അഞ്ചു കി.മി അകലെയുള്ള ന്യൂമാഹി പഞ്ചായത്തിന്റെ
ഭാഗമായ പെട്ടിപ്പാലത്തെ 8.30 ഏക്കറോളം സ്‌ഥലമാണ് നഗരസഭയുടേതടക്കമുള്ള
മാലിന്യത്തൊട്ടിയായി മാറിയിട്ടുള്ളത്. ദേശീയപാതയ്‌ക്കടുത്തുള്ള സ്‌ഥലം
എന്നതുകൊണ്ടു തന്നെ എറണാകുളം ജില്ലയുടേതടക്കമുള്ള അപകടകരമായ
മാലിന്യങ്ങള്‍ പെട്ടിപ്പാലത്തു നിക്ഷേപിക്കുന്നുവെന്നു നാട്ടുകാര്‍
പറയുന്നു. 1952 മുതല്‍ക്കെ നഗരസഭ ഈ സ്‌ഥലം മാലിന്യ നിക്ഷേപ കേന്ദ്രമായി
ഉപയോഗിക്കുന്നു.
മാലിന്യങ്ങള്‍ ഇവിടെ തള്ളുന്നതിനെതിരേ സ്‌ത്രീകളടക്കമുള്ളവര്‍ കഴിഞ്ഞ 106
ദിവസത്തോളമായി സമരമുഖത്താണ്.
ഞെളിയന്‍പറമ്പില്‍ പന്ത്രണ്ടാള്‍ പൊക്കം:
കോഴിക്കോട് കോര്‍പ്പറേഷന്‍ പരിധിയില്‍ 18 ഏക്കറിലായി പരന്നു
കിടക്കുന്ന ഞെളിയന്‍പറമ്പ് കോര്‍പ്പറേഷന്റെ മാലിന്യ സങ്കേതമാണ്.
വിന്റ്‌റോ കമ്പോസ്‌റ്റിംഗ് രീതിയില്‍ മാലിന്യങ്ങള്‍ സംസ്‌കരിക്കാനുള്ള
പദ്ധതിയാണ് ഞെളിയന്‍പറമ്പിലുള്ളത്. വായു കടക്കാന്‍ പാകത്തിന്
ഒന്നരയാള്‍ പൊക്കത്തില്‍ മാലിന്യം നിക്ഷേപിക്കുന്നതാണ് വിന്റ്‌റോ
രീതി. എന്നാല്‍ ഇവിടെ പത്തുപന്ത്രണ്ടാള്‍ പൊക്കത്തിലാണു മാലിന്യം
നിക്ഷേപിച്ചിരിക്കുന്നത്. ദിവസവും 50 ടണ്‍ എന്ന നിലയില്‍ ഇവിടെയെത്തുന്ന
മാലിന്യത്തിന്റെ 80 ശതമാനവും സംസ്‌കരിക്കപ്പെടാതെ പുറന്തള്ളപ്പെടുന്നു.
അഴുകുന്ന മാലിന്യങ്ങളില്‍നിന്നും ഒഴുകിയെത്തുന്ന ജലം പോകാനുള്ള ചാലും
വാട്ടര്‍ ട്രീറ്റ്‌മെന്റ് പ്ലാന്റും ഇവിടെയില്ല. ഇതിനെതിരേ സമരം
നയിച്ചവര്‍ എട്ടും പത്തും കേസുകളിലാണ്
ജാമ്യമെടുത്തുകൊണ്ടിരിക്കുന്നത്.
ബ്രഹ്‌മപുരം നരക തുല്യം:
കൊച്ചി നഗരത്തിന്റെ മാലിന്യക്കുപ്പയായി ബ്രഹ്‌മപുരം ഗ്രാമം മാറിയിട്ട്
മൂന്നുവര്‍ഷം. സംസ്‌കരിക്കാന്‍ കഴിയാതെ മാലിന്യം കുമിഞ്ഞുകൂടി ഈച്ചയും
പുഴുക്കളും നിറഞ്ഞ് ബ്രഹ്‌മപുരം നരക തുല്യമായിക്കഴിഞ്ഞു.
റോഡില്‍ കിടന്നാണ് ബ്രഹ്‌മപുരം വാസികള്‍ പ്രതിഷേധിച്ചത്. അവരെ
മൃഗീയമായി ലാത്തിചാര്‍ജ് ചെയ്‌തും കണ്ണീര്‍വാതകം പ്രയോഗിച്ചും പോലീസ്
ഓടിച്ചു. രാഷ്‌ട്രീയ കക്ഷികളൊന്നും അനങ്ങിയില്ല. ഹൈക്കോടതി
ജസ്‌റ്റിസിന്റെ വീടിനു മുന്നില്‍ മാലിന്യം കുമിഞ്ഞുകൂടിയപ്പോള്‍
ബ്രഹ്‌മപുരത്ത് ചവറിടണമെന്ന് ഹൈക്കോടതി ആജ്‌ഞാപിച്ചു.
നാട്ടുകാരെ തല്ലിയോടിച്ചാണ് നഗരമാലിന്യം ബ്രഹ്‌മപുരത്തേക്ക് കൊണ്ടുവന്നത്.
കക്കൂസ് മാലിന്യം ഉള്‍പ്പെടെയുള്ള മാലിന്യമാണ് ബ്രഹ്‌മപുരത്ത്
തള്ളുന്നത്. ദുര്‍ഗന്ധവും ഈച്ചശല്യവും അഞ്ചുകിലോമീറ്റര്‍ പ്രദേശത്ത്
നിറഞ്ഞുനില്‍ക്കുന്നു.
സമീപത്തുകൂടെ ഒഴുകുന്ന ശുദ്ധജലവാഹിനിയായ കടമ്പ്രയാര്‍ ഇന്ന്
മലിനജലവാഹിനിയാണ്. കാക്കനാട് ഇന്‍ഫോപാര്‍ക്കിലും സമീപത്തെ വിദ്യാഭ്യാസ
സ്‌ഥാപനങ്ങളിലും ഈച്ചശല്യം രൂക്ഷമാണ്.
വടവാതൂര്‍ കോടതിയില്‍:
കോട്ടയത്തും മാലിന്യപ്രശ്‌നം രൂക്ഷമാണ്. വടവാതൂര്‍ ആക്ഷന്‍
കൗണ്‍സിലിന്റെ ശക്‌തമായ സമരത്തിനൊടുവില്‍ മാലിന്യങ്ങള്‍ വേര്‍തിരിച്ച്
എത്തിക്കുന്നതിനാല്‍ പരാതികള്‍ കുറവാണെങ്കിലും ദുര്‍ഗന്ധം പ്രദേശവാസികളെ
അസ്വസ്‌ഥരാക്കുന്നു.
ഹൈക്കോടതി വിധിയെത്തുടര്‍ന്ന് മാലിന്യസംസ്‌കരണ പ്ലാന്റിന് പോലീസ്
സംരക്ഷണം ഏര്‍പ്പെടുത്തി. പ്ലാന്റുമായി ബന്ധപ്പെട്ട് ആക്ഷന്‍ കൗണ്‍സില്‍
സുപ്രീം കോടതിയെ സമീപിച്ചിരിക്കുകയാണ്. നഗരസഭയുടെ നേതൃത്വത്തില്‍ റാംകി
എന്ന കമ്പനിയാണ് മാലിന്യസംസ്‌കരണം നടത്തുന്നതെങ്കിലും കാര്യക്ഷമല്ലെ.
മാലിന്യം സംസ്‌കരിക്കുന്നതിലെ അപാകത രൂക്ഷമായ ദുര്‍ഗന്ധത്തിനും
ഈച്ചശല്യത്തിനും വഴിതെളിക്കുന്നു. മാലിന്യ സംസ്‌കരണ കേന്ദ്രത്തിനു
ചുറ്റുമുള്ള സ്‌ഥലങ്ങളില്‍ കാന്‍സര്‍ ഉള്‍പ്പെടെയുള്ള രോഗങ്ങള്‍
വ്യാപകമാകുന്നതായി സമീപകാല പഠനങ്ങളില്‍ വ്യക്‌തമായിരുന്നു.
ശുചിത്വ നഗരം, നരക ഗ്രാമം:
തിരുവനന്തപുരം നഗരത്തില്‍നിന്ന് പതിമൂന്നു കിലോമീറ്ററിലധികം ദൂരമുള്ള
വിളപ്പില്‍ശാലയിലെ ചവര്‍ സംസ്‌കരണ ഫാക്‌ടറി ക്രമസമാധാന പ്രശ്‌നമായി.
ശുചിത്വ നഗരം എന്ന പദ്ധതി നടപ്പിലാക്കിയതോടെ തലസ്‌ഥാനം രാജ്യത്തെ
ശുചിത്വ നഗരങ്ങളുടെ പട്ടികയില്‍ രണ്ടാം സ്‌ഥാനത്തായി. അപ്പോഴും
നഗരത്തിലെ മാലിന്യമെല്ലാം ഡബ്ബ് ചെയ്യുന്ന കേന്ദ്രമായി വിളപ്പില്‍ശാല
മാറി. മുമ്പൊക്കെ വിളപ്പില്‍ശാലയില്‍ പ്രതിഷേധങ്ങള്‍ ഉയര്‍ന്നെങ്കിലും
ഭരണകൂടം തന്ത്രപരമായ രീതിയില്‍ ഒതുക്കിത്തീര്‍ത്തു.
ജനകീയ പ്രതിഷേധം ശക്‌തിപ്പെട്ടതോടെ വിളപ്പില്‍ശാല പേടിസ്വപ്‌നമായി.
Mangalam News Link:
http://mangalam.com/index.php?page=detail&nid=544516&lang=malayalam
No comments:
Post a Comment